National
ന്യൂഡല്‍ഹി: മതപരിവര്‍ത്തനം മാത്രമല്ല, രാഷ്ട്രീയ ആവിഷ്കാരങ്ങള്‍, മാധ്യമപ്രവര്‍ത്തനം, സമൂഹമാധ്യമങ്ങള്‍ എന്നിവയ്ക്കുകൂടി കര്‍ശന നിയന്ത്രണവും നടപടികളും എഫ്സിആര്‍എ നിയമ ഭേദഗതിയില്‍.
2011ലെ വിദേശ സംഭാവന നിയന്ത്രണ നിയമങ്ങള്‍ ഭേദഗതി ചെയ്തു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതിയ ഗസറ്റ് വിജ്ഞാപനത്തിലെ നിയന്ത്രണങ്ങളില്‍ ചിലതെങ്കിലും ഭരണഘടനയുടെ മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാകും.
രാഷ്ട്രീയ ഉള്ളടക്കത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള വിലക്ക്, സമൂഹമാധ്യമ അക്കൗണ്ടുകളുടെ നിര്‍ബന്ധിത പ്രഖ്യാപനം, വാര്‍ത്തകള്‍ അല്ലെങ്കില്‍ കറന്റ് അഫയേഴ്സ് ഉള്ളടക്കം നിര്‍മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ ഉള്ള വിലക്ക്, നിര്‍ദിഷ്ട പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമിശാസ്ത്ര മേഖലകള്‍ക്കുമുള്ള നിയന്ത്രണം, വര്‍ധിച്ച പിഴത്തുകകള്‍ തുടങ്ങിയവയാണു പുതിയ ഭേദഗതിയിലെ ശ്രദ്ധേയ മാറ്റങ്ങള്‍.
വിദേശ പൗരന്മാരുടെ വിലക്കും വര്‍ധിച്ച പിഴശിക്ഷകളും മുതല്‍ വിദേശത്തുനിന്നുള്ള പണദാതാക്കളുടെ സുതാര്യതയും ഫണ്ട് അയയ്ക്കുന്ന സംവിധാനങ്ങള്‍ വരെയുള്ള പലതും വേറെയുമുണ്ട്. 2010ലെ എഫ്സിആര്‍എ നിയമങ്ങളിലെ പത്താമത്തെ ഭേദഗതിയാണിത്. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന എന്‍ജിഒകള്‍ക്കു കര്‍ശനമായ സുതാര്യത, ഉത്തരവാദിത്വം, പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ എന്നിവയാണു പുതിയ ഭേദഗതിയിലെ പ്രത്യേകതകള്‍.
എഫ്സിആര്‍എ രജിസ്ട്രേഷനോ നിലവിലുള്ളത് പുതുക്കാനോ ശ്രമിക്കുന്ന എന്‍ജിഒകള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും വെബ്സൈറ്റുകളുടെയും വിശദാംശങ്ങള്‍ അപേക്ഷയില്‍ വെളിപ്പെടുത്തണം. അസോസിയേഷനോ അതിന്റെ പ്രധാന പ്രവര്‍ത്തകരോ ആ വര്‍ഷത്തില്‍ ഏതെങ്കിലും പുസ്തകങ്ങള്‍, മാസികകള്‍ അല്ലെങ്കില്‍ പത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നും പ്രഖ്യാപിക്കണം. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന എന്‍ജിഒകള്‍ക്കു വാര്‍ത്തകള്‍ അല്ലെങ്കില്‍ കറന്റ് അഫയേഴ്സ് ഉള്ളടക്കം നിര്‍മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ വിലക്കുണ്ട്.
എന്‍ജിഒകള്‍ക്ക് പൊതുവായ അനുമതി ഇനി ലഭിക്കില്ല. നിയമങ്ങളിലെ മുന്‍നിശ്ചയിച്ച ഷെഡ്യൂളില്‍നിന്ന് അവര്‍ ഇപ്പോള്‍ അവരുടെ ലക്ഷ്യങ്ങളും പ്രവര്ത്തനസംസ്ഥാനങ്ങളും തെരഞ്ഞെടുക്കണം. ഈ വിശദാംശങ്ങള്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ അച്ചടിക്കും.
2026ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത നിലവിലുള്ള എന്‍ജിഒകള്‍ക്ക് അവരുടെ ഉദ്ദേശ്യങ്ങളും സംസ്ഥാനങ്ങളും ഒരു വര്‍ഷത്തിനകം അപ്ഡേറ്റ് ചെയ്ത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം. ഏതെങ്കിലും സംസ്ഥാനങ്ങളിലേക്കോ ഉദ്ദേശ്യങ്ങളിലേക്കോ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെങ്കിലും ഓരോന്നിനും 300 രൂപ വീതം അധികഫീസ് ഈടാക്കും.
വിദേശഫണ്ട് സ്വീകരിക്കുന്ന സന്നദ്ധസംഘടനകളുടെയും അസോസിയേഷനുകളുടെയും രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പുതിയ നിയമങ്ങള്‍ വ്യക്തമായി ഒഴിവാക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ 22 പ്രവര്‍ത്തനങ്ങളെ പട്ടികപ്പെടുത്തുന്നുണ്ടെങ്കിലും കര്‍ശനമായി രാഷ്ട്രീയേതര സ്വഭാവം എന്ന വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Kerala
കൊച്ചി: മീഡിയ വണ്‍ വാര്‍ത്താചാനലിലെ ഫേസ്ബുക്ക് പേജിനു വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്രസര്‍ക്കാര്‍-മെറ്റ അടക്കമുള്ള എതിര്കക്ഷികള്ക്കാണു നോട്ടീസ്.
മീഡിയ വണ്ണിന്റെ ഡിജിറ്റല്‍ ഉള്ളടക്കം തടസപ്പെടുത്തിയെന്നും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍ സാമ്പത്തികനഷ്ടം വരുത്തിയെന്നും ചൂണ്ടിക്കാട്ടി മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡാണു ഹര്‍ജി നല്‍കിയത്.
2011 മുതല്‍ സജീവമായ ഫേസ്ബുക്ക് പേജ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുള്ള പ്രധാന വേദിയാണെന്നും പ്രതിമാസം ഏകദേശം 25 ലക്ഷം രൂപ വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
ഐടി ആക്ടിലെ സെക്ഷന്‍ 69 എ പ്രകാരമുള്ള ഏതെങ്കിലും ഉത്തരവ് ഉണ്ടാക്കുകയോ കാരണങ്ങള്‍ അറിയിക്കുകയോ ചെയ്യാതെയാണു പ്രവര്‍ത്തനം തടസപ്പെടുത്തിയത്.
Sports
ലണ്ടൻ: മോശം പെരുമാറ്റത്തിന് ചെൽസിയുടെ പെഡ്രോ നെറ്റോയ്ക്ക് പിഴയും ഒരു മത്സരത്തിൽ വിലക്കും.
ആഴ്സണലിനെതിരേ ഈ മാസം നടന്ന മത്സരത്തിലാണ് ശിക്ഷാ നടപടിക്കിടയാക്കിയ സംഭവം അരങ്ങേറിയത്. 70,000 പൗണ്ടാണ് പിഴ.
മത്സരത്തിൽ മൂന്ന് മിനിറ്റിനുള്ളിൽ നെട്രോ രണ്ട് മഞ്ഞ കാർഡുകൾ കണ്ടിരുന്നു.
International
മോസ്കോ: റഷ്യയിൽ ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സാപ്പിന് നിരോധനം ഏർപ്പെടുത്തി. സുരക്ഷാപ്രശ്നങ്ങളും ഡാറ്റ സ്വകാര്യതയുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് നിരോധനത്തിനു പിന്നിലെ പ്രധാന കാരണം.
ഇന്നലെമുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വാട്സാപ് സേവനങ്ങൾ തടസപ്പെട്ടതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു.
നേരത്തെതന്നെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്ക് രാജ്യത്തു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വാട്സാപ് വഴി വിദേശ ഏജൻസികൾ റഷ്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന് സർക്കാർ ആരോപിക്കുന്നു. ഇതോടൊപ്പം രാജ്യത്തെ വാർത്താവിനിമയ സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനാണ് പുടിൻ സർക്കാരിന്റെ നീക്കം.
National
ന്യൂഡല്‍ഹി: പിഎം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ലോക്സഭയില്‍ അനുവദിക്കേണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. ലോക്സഭാ സെക്രട്ടേറിയറ്റിനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ലോക്സഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ഗുരുതര ലംഘനമാണു പ്രധാനമന്ത്രിയുടെ നിര്‍ദേശമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ആരോപിച്ചു.
പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ വേണുഗോപാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കു രേഖാമൂലം പരാതി നല്കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ലോക്സഭയുടെ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് വളരെ ആശങ്കാജനകമാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഫണ്ടും സുതാര്യമാണെന്ന് ഉറപ്പാക്കേണ്ട ചുമതല പാര്ലമെന്റിന്റേതും ജനപ്രതിനിധികളായ എംപിമാരുടേതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിഗൂഢമായ പിഎം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിക്കുന്ന വന്‍തോതിലുള്ള ഫണ്ടുകള്‍ പാര്‍ലമെന്റിന്റെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പേരിലുളള ഫണ്ടുകളെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി സഭയില്‍ ഉത്തരം നല്‍കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ കീഴിലുള്ള പിഎം കെയേഴ്സ്, ദുരിതാശ്വാസ, പ്രതിരോധ ഫണ്ടുകളുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ ചോദ്യങ്ങളും ചര്‍ച്ചകളും അനുവദനീയമല്ലെന്നും ലോക്സഭയിലെ ബിസിനസ് നടത്തിപ്പിന്റെ ഭാഗമല്ലെന്നുമാണ് ലോക്സഭാ സെക്രട്ടേറിയറ്റിനെ കഴിഞ്ഞ ജനുവരി 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചതെന്ന് ഒരു ദേശീയമാധ്യമം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
പൊതുജനങ്ങളില്‍നിന്നു നേരിട്ടാണ് ഈ ഫണ്ടുകളിലേക്ക് തുക സമാഹരിക്കുന്നതെന്നും അതിനാല്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. അതിനാല്‍ ലോക്സഭയിലെ ചട്ടങ്ങളിലെ ചട്ടം 41(2) (viii), 41(2)(xvii) എന്നിവ പ്രകാരം മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കാര്യങ്ങളും അനുവദനീയമല്ലെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിനെ പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചതായാണു പത്രറിപ്പോര്‍ട്ട്.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും. ജില്ലയിൽ കോഴി വിഭവങ്ങളുടെ വിപണനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടെന്നും പരാതിയുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പക്ഷികൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രികളിൽ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.
Sports
ചൈന: ചൈനീസ് ടെന്നീസ് താരം പാംഗ് റെന്ലോംഗിന് 12 വർഷത്തെ വിലക്കും 110,000 ഡോളർ പിഴയും വിധിച്ചു. അഞ്ച് മാസത്തിനിടെ 22 മത്സരങ്ങളിൽ ഒത്തുകളി നടത്തിയതിനെ തുടർന്നാണ് വിലക്ക്.
ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസിയാണ് 25 കാരനായ പാങ് ലോവറിന് വിലക്ക് പ്രഖ്യാപിച്ചത്.
2024 മെയ് മുതൽ സെപ്റ്റംബർ വരെയാണ് ഒത്തുകളി നടന്നതെന്ന് ഐടിഐഎ പറഞ്ഞു. തുർക്കി, ഹോങ്കോംഗ്, ചൈന മെയിൻലാൻഡ് എന്നിവിടങ്ങളിൽ നടന്ന വിവിധ ഐടിഎഫ് ടൂർണമെന്റുകളിൽ പാങ് ഈ സമയം കളിച്ചു.
Sports
കോല്‍ക്കത്ത: ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിന് കടുത്ത ശിക്ഷ. 2027/28 സീസണ് വരെയുള്ള അടുത്ത രണ്ട് എഎഫ്സി ക്ലബ് മത്സരങ്ങളിൽനിന്ന് മോഹൻ ബഗാനെ അയോഗ്യരാക്കി.
സെപാഹാൻ എസ്സിയുമായുള്ള മത്സരത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാൻ താരങ്ങൾ വിസമ്മതിച്ചതിനെത്തുടർന്നാണ് നടപടി. ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ ഡിസിപ്ലിനറി, എത്തിക്സ് കമ്മിറ്റി ഇന്നലെ ചേർന്ന യോഗത്തിലാണ് നടപടി. വിലക്കിന് പുറമെ ക്ലബ് 100,729 ഡോളർ പിഴയായും നൽകണം.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരങ്ങൾ ഇറാനിലേക്ക് പോകാൻ തയാറാകാതിരുന്നത്.
തുടർച്ചയായ രണ്ടാം വർഷമാണ് സമാനമായ കാരണങ്ങളാൽ മോഹൻ ബഗാൻ എഎഫ്സി ചാന്പ്യൻസ് ലീഗ് ടുവിൽ നിന്ന് പിന്മാറുന്നത്. കഴിഞ്ഞ സീസണിൽ ട്രാക്ടർ എഫ്സിക്കെതിരായ മത്സരത്തിൽനിന്നും ക്ലബ് പിന്മാറിയിരുന്നു.